03:53am 11 November 2026
NEWS
ജൈവമാലിന്യം മത്സ്യത്തീറ്റയാക്കി മാറ്റാം സിഎംഎഫ്ആർഐയിൽ വിന്റർ സ്‌കൂളിന് തുടക്കം
10/11/2026  05:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജൈവമാലിന്യം മത്സ്യത്തീറ്റയാക്കി മാറ്റാം സിഎംഎഫ്ആർഐയിൽ വിന്റർ സ്‌കൂളിന് തുടക്കം

കൊച്ചി: മത്സ്യത്തീറ്റ നിർമാണത്തിൽ പോഷകസമ്പുഷ്ടമായ ചേരുവയായി ജൈവമാലിന്യങ്ങളെ ഉപയോഗിക്കുന്നതിന്റെ സാധ്യതകളുമായി സിഎംഎഫ്ആർഐയിൽ വിന്റർ സ്‌കൂളിന് തുടക്കം. 

പട്ടാളപ്പുഴു അധിഷ്ടിത മത്സ്യത്തീറ്റ സാങ്കേതികവിദ്യയെ പരിചയപ്പെടുത്തുന്ന 21 ദിവസത്തെ വിന്റർ സ്‌കൂൾ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ ദേവിക പിള്ള ഉദ്ഘാടനം ചെയ്തു. 

രാജ്യത്തെ മത്സ്യകൃഷി മേഖലയിൽ തീറ്റക്ക് ആവശ്യമായ പ്രോട്ടീൻ സ്രോതസ്സായി ജൈവമാലിനങ്ങളെ പ്രയോജനപ്പെടുത്തുന്നത് ഈ ആവശ്യത്തിനായി കടൽ മത്സ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറക്കാൻ വഴിയൊരുക്കുമെന്ന് അവർ പറഞ്ഞു. 

ജൈവമാലിന്യങ്ങളെ പ്രോട്ടീൻ സമ്പുഷ്ടമായ തീറ്റയായി മാറ്റുന്നതിലൂടെ മത്സ്യകൃഷിയിൽ വർധിച്ചുവരുന്ന ഉൽപാദനച്ചെലവും മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വെല്ലുവിളികളും ഒരേസമയം പരിഹരിക്കാനാകും. 

പരമ്പരാഗത മത്സ്യത്തീറ്റ ഘടകങ്ങളുടെ ലഭ്യതക്കുറവും വിലവർധനയും സുസ്ഥിരമല്ലാത്ത രീതിയിൽ ഇതിനായി കടൽമീനുകളെ ആശ്രയിക്കുന്നതും  മത്സ്യകൃഷി മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. വീടുകളിലും പരിസരങ്ങളിലും ഉൽപാദിക്കപ്പെടുന്ന ജൈവമാലിന്യങ്ങൾ സാങ്കേതികവിദ്യ ഉപയോഗിച്ച് മൂല്യവർധിത പോഷകങ്ങളാക്കി മാറ്റുന്നത് മാലിന്യസംസ്‌കരണ ഭക്ഷ്യോൽപാദന രംഗങ്ങളിൽ വലിയ മുതൽക്കൂട്ടാകുമെന്നും ദേവിക പിള്ള പറഞ്ഞു. 

പട്ടാളപ്പുഴു ഉപയോഗിച്ച് ജൈവാവിശിഷ്ടങ്ങളെ പ്രോട്ടീനും കൊഴുപ്പും അടങ്ങിയ പോഷകസമ്പന്നമായ ചേരവകളാക്കി മാറ്റുന്ന സിഎംഎഫ്ആർഐ സാങ്കേതികവിദ്യക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നാല് സ്റ്റാർട്ടപ്പുകൾ വാണിജ്യാടിസ്ഥാനത്തിൽ വലിയ തോതിൽ മത്സ്യത്തീറ്റ ഉത്പാദനം നടത്തിവരുന്നുണ്ട്.

ഇതെകുറിച്ച് യുവഗവേഷകരെ പരിശീലിപ്പിക്കുന്നതിനായാണ് വിന്റർ സ്‌കൂളിന് തുടക്കമിട്ടത്.ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. 

ഐസിഎആറിന്റെ സാമ്പത്തിക സഹായത്തോടെ സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളജി, ഫിഷ് ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് ഡിവിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിവിഷൻ മേധാവി ഡോ. കൃപേഷ ശർമ, കോഴ്‌സ് ഡയറക്ടർ ഡോ. സനൽ എബനേസർ, ഡോ. അദ്‌നാൻ എച്ച്. ഗോറ എന്നിവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img